തുടർ വിജയമെന്ന മോഹവുമായി ചെപ്പോക്കിലിറങ്ങിയ ചെന്നൈയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പഞ്ചാബിന്റെ ഭാംഗ്ര മേളം. ചെന്നൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 13 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് സ്വന്തമാക്കി. ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ജയം. ജോണി ബെയർസ്റ്റോയും(46) റൈലി റൂസോയും(43) ആണ് ജയം അനായാസമാക്കിയത്. ഒരു ഘട്ടത്തിലും ചെന്നൈക്ക് പഞ്ചാബിന് മേൽ സമ്മർദം ചെലുത്താനായില്ല. മൂന്നാം ഓവറിൽ പ്രഭ്സിമ്രാൻ(13) വീണതൊഴിച്ചാൽ ചെന്നൈക്ക് ആശ്വസിക്കാൻ വകയാെന്നുമുണ്ടായില്ല.
റൂസോയും ബെയർസ്റ്റോയും ചേർന്ന് 37 പന്തിൽ അടിച്ചുകൂട്ടിയ 64 റൺസാണ് പഞ്ചാബിന്റെ നട്ടെല്ലായത്. ബെയർസ്റ്റോ മടങ്ങിയ പിന്നാലെ റൂസോയും ശശാങ്ക് സിംഗും ചേർന്ന് 30 റൺസും അടിച്ചെടുത്തു. റൂസോയെ പുറത്താക്കി താക്കൂർ പ്രതീക്ഷ നൽകിയെങ്കിലും
ക്രീസിൽ ഒരുമിച്ച ശശാങ്ക്-ക്യാപ്റ്റൻ സാം കറൻ സഖ്യം പഞ്ചാബിന് ഉഗ്രൻ ജയം സമ്മാനിക്കുകയായിരുന്നു. നാലും വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ പാർടണർഷിപ്പാണുണ്ടാക്കിയത്. ചെന്നൈക്ക് വേണ്ടി അരങ്ങേറിയ റിച്ചാർഡ് ഗ്ലീസൺ ഒരു വിക്കറ്റ് നേടിയപ്പോൾ താക്കൂറിനും ദുബെയും ലഭിച്ചു ഓരോ വിക്കറ്റ് വീതം. ജയത്തോടെ പഞ്ചാബ് ഏഴാം സ്ഥാനത്ത് കയറി.