താനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെ ഡോമ്പിവിലിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആയിരക്കണക്കിന്
പാർട്ടി പ്രവർത്തരുടെ അകമ്പടിയോടെ ഡോമ്പിവിലി ഗണേഷ് മന്ദിരത്തിൽ നിന്നും ശക്തിപ്രകടനമായാണ് നാമനിർദ്ദേശ പത്രിക നൽകാനായി പുറപ്പെട്ടത്.
ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാക്കളായ ജയന്ത് നായർ, ശ്രീകാന്ത് നായർ, ജാഗ്ദിഷ് റാവു, ജാഗിർഹുസൈൻ, നാഗേഷ് റാവു,സുനിൽ നായർ,ഹരിസ്വാമി, ബെൻസി മാത്യു, ഹരിദാസ്, അനുപമ ഷെട്ടി, സുരേഷ് പാറമേൽ, സുനിത ദിനേശ് കൂടാതെ
നൂറുക്കണക്കിന് പ്രവർത്തകരുടെ സാന്നിധ്യം ഡോമ്പിവിലി നഗരത്തെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ശിവസേനാ ഷിൻഡെ വിഭാഗം സ്ഥാനാർത്ഥി ശ്രീകാന്ത് ഷിൻഡെ മത്സര രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ്, മഹാരാഷ്‌ട്രാ മന്ത്രി രവീന്ദ്ര ചവാൻ നിരവധി എംഎൽഎമാർ കോർപറേറ്റർമാർ കൂടാതെ മുന്നണിയിലെ വിവിധ പാർട്ടി ഭാരവാഹികളുമടക്കം വൻ ജനാവലി മഹാറാലിയിൽ പങ്കെടുത്തു.















