ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുതിക്കുന്നു. ഏപ്രിലിലെ ഇറക്കുമതി ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ വകവയ്‌ക്കാതെയാണ് ഇന്ത്യയുടെ എണ്ണ വാങ്ങുന്നത്. കഴിഞ്ഞമാസം പ്രതിദിനം 1.72 മില്യൺ ബാരൽ വീതം എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയത്. മാർച്ചിനെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കപ്ലർ വ്യക്തമാക്കി.
ഏപ്രിലിൽ ഇന്ത്യയിലേക്ക് ആകെ ഇറക്കുമതി ചെയ്ത 4.86 ബാരലാണ് . ഇതിന്റെ 40.3 ശതമാനവും റഷ്യയിൽ നിന്നാണ്. ഏപ്രിലിൽ, സൗദി അറേബ്യയിൽ നിന്നുള്ള പ്രതിദിന ഇറക്കുമതി 7.68 ലക്ഷം ബാരലിൽ നിന്ന് 6.80 ലക്ഷം ബാരലിലേക്കും യു.എ.ഇയിൽ നിന്നുള്ളത് 4.42 ലക്ഷം ബാരലിൽ നിന്ന് 2.60 ലക്ഷം ബാരലിലേക്കും താഴ്ന്നു. അതുപോലെ, ഇറാക്കിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞമാസം പ്രതിദിനം 10.9 ലക്ഷം ബാരലിൽ നിന്ന് 7.76 ലക്ഷമായി കുറഞ്ഞു.
ഗൾഫിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് നിലവിൽ റഷ്യൻ എണ്ണ ഇന്ത്യക്ക് ലഭിക്കുന്നത്. ഇതാണ് റഷ്യയിൽ നിന്ന് കൂടുതൽ ചരക്ക് വാങ്ങാനുള്ള കാരണവും. നിലവിൽ സൗദിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ബാരലിന് നാല് ഡോളർ കുറവിലാണ് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയിൽ തകർച്ച നേരിട്ടതൊടെ റഷ്യൻ എണ്ണ വാങ്ങുന്നത് ചൈന കുറച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് കൂടുതൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് റഷ്യ – ഇന്ത്യ വ്യാപാരബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു. ഇതിന് മുമ്പ് ഇറാഖ്, സൗദി എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയിൽ കൂടുതലായും വാങ്ങിയിരുന്നത്.















