ചെന്നൈ: വില്ലുപുരത്ത് അമ്മൻ പ്രതിഷ്ഠയുള്ള ക്ഷേത്രം തകർത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധം. വഴുദറെഡ്ഡി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഒരു ഭാഗം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു ക്ഷേത്രം പൂർണ്ണമായും തകർത്തത്.
കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെ പിൻപറ്റിയാണ് നടപടി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരുടെ എതിർപ്പ് വകവയ്‌ക്കാതെ നൂറിലധികം പോലീസുകാരെ വിന്യസിച്ചിയിരുന്നു ക്ഷേത്രം ഇടിച്ചിട്ടത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന പ്രദേശമാണ് വഴുദറെഡ്ഡി കോളനി. തുടക്കത്തിൽ ചെറിയ രീതിയിൽ അമ്മൻ പ്രതിഷ്ഠ സ്ഥാപിച്ചായിരുന്നു ആരാധന തുടങ്ങിയത്. പിന്നീട് പ്രദേശവാസികൾ ഫണ്ട് സ്വരൂപിച്ച് പത്ത് സെന്റ് ഭൂമിയിൽ ക്ഷേത്രം നിർമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കുംഭാഭിഷേക ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തിയത്.
പൊളിക്കുന്നതിന് മുമ്പ് ബന്ധപ്പെവരെ അറിയിക്കുകയോ മുന്നറിയിപ്പ് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസിയായ രാം പ്രസാദ് ചൂണ്ടിക്കാട്ടി. ക്ഷേത്ര നികുതി, വൈദ്യുതി ബില്ലുകൾ, ജലനികുതി എന്നിവ സ്ഥിരമായി അടക്കുന്നുണ്ട്. ഭക്തരുടെ വികാരം മാനിക്കാതെ ക്ഷേത്രം പൊളിച്ച് മാറ്റിയ ജില്ലാ ഭരണകൂടം വാണിജ്യ സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങൾക്ക് സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഡിഎംകെ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്















