ഗാന്ധിനഗർ: വീട്ടിലേക്ക് പാഴ്സലായെത്തിയ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് പിതാവും മകളും കൊല്ലപ്പെട്ടു. ഗുജറാത്തിലെ വഡാലിയിലാണ് സംഭവം. 32-കാരനായ ജീതുഭായ് വഞ്ചാര, 12 വയസുള്ള മകൾ ഭൂമിക എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കുന്ന സമയത്ത് ഭാര്യ വീട്ടിലില്ലായിരുന്നു. ഒമ്പതും പത്തും വയസുള്ള മറ്റ് രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരിലൊരാൾ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്.
ജീതുഭായിയുടെ ഭാര്യയുടെ മുൻ കാമുകനാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. 31-കാരനായ പ്രതി ജയന്തിഭായിയെ അന്വേഷണ സംഘം സാഹസികമായി അറസ്റ്റ് ചെയ്തു. പ്രണയിനി ആയിരുന്നവൾ സ്വസ്ഥമായി ജീവിക്കുന്നതിൽ വൈരാഗ്യം തോന്നിയ യുവാവ് അവളുടെ കുടുംബത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബോംബ് പാഴ്സലായി അയക്കുകയായിരുന്നു. ഓട്ടോറിക്ഷയിലാണ് പാഴ്സൽ വീട്ടിലെത്തിയത്. ഇത് കുടുംബത്തിന് കൈമാറിയ ഓട്ടോ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പൊലീസ് കണ്ടെത്തി. ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് പ്രതിയിലേക്കെത്തിയത്.
ടേപ് റെക്കോർഡറുടെ രൂപത്തിലുള്ള വസ്തുവാണ് പാഴ്സലായി വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരോ സമ്മാനമയച്ചതാണെന്ന് കരുതി തുറന്നുനോക്കിയ ജീതുഭായ് ടേപ് റെക്കോർഡർ കണ്ടപ്പോൾ പ്ലഗ് ഇൻ ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് പൊട്ടിത്തെറിച്ചത്. ഇത് ഐഇഡി ആയിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.