പാമ്പിനെ ഭയമില്ലാത്തവർ വിരളമാണ്. ടോയ്ലെറ്റിൽ പാമ്പിനെ കാണുന്നത് പലരും പേടിയോടെ സങ്കൽപ്പിച്ചുനോക്കിട്ടുണ്ടാകും. അത്തരത്തിൽ ഏതൊരാളെയും വിറപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ലോസറ്റിനുള്ളിൽ നിന്നും പാമ്പ് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനിമൽ റെസ്ക്യൂവറെത്തി ഈ പാമ്പിനെ പുറത്തെടുക്കുന്നതും കാണാം. മഹാരാഷ്‌ട്രയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
View this post on Instagram
വീട്ടുടമസ്ഥൻ ശുചിമുറിയിൽ കയറിയപ്പോൾ പാമ്പിന്റെ ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ പേടിച്ചുവിറച്ച അദ്ദേഹം ക്ലോസറ്റിനുള്ളിലേക്ക് നോക്കിയപ്പോൾ തലപൊക്കി നോക്കുന്ന പാമ്പിനെയും കണ്ടു. രണ്ടാമതൊന്ന് ചിന്തിക്കാതെ പുറത്തുകടന്ന വീട്ടുടമസ്ഥൻ ഉടൻ തന്നെ അനിമൽ റെസ്ക്യൂവറായ ശീതൾ കാസറിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇത്തരം സാഹചര്യങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ശീതൾ, ശുചിമുറി പരിശോധിച്ചു. നിരുപദ്രവകാരിയായ ചേരയാണ് ക്ലോസറ്റിൽ ഇരിക്കുന്നതെന്ന് അവർ മനസിലാക്കി. ഇതോടെ ടോയ്ലെറ്റിൽ നിന്നും പത്തടി നീളമുള്ള ചേരയെ പുറത്തെടുത്ത് ബാഗിനുള്ളിലാക്കി ശീതൾ പുറത്തേക്ക് കൊണ്ടുവന്നു.
ഏഷ്യയിൽ സാധാരണയായി കാണപ്പെടുന്നയിനം പാമ്പാണ് ചേര. എലിയും തവളയുമൊക്കെയാണ് ഇതിന്റെ ആഹാരം. അതിനാൽ എലിശല്യമുള്ളയിടങ്ങളിൽ ചേരയും കാണപ്പെടുന്നു. വിഷമില്ലാത്ത പാമ്പാണിതെന്നും മനുഷ്യന് ഉപദ്രവകാരിയല്ലെന്നും ശീതൾ വ്യക്തമാക്കി.















