മുംബൈയുടെ 18 ഓവർ വരെയുള്ള പോരാട്ടത്തെ നിഷ്ഫലമാക്കി മിച്ചൽ സ്റ്റാർക്ക്. 24 റൺസിനാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ജയം കൊൽക്കത്തയുടെ കൈകളിലെത്തിയത്. 24 റൺസിന്റെ തോൽവി വഴങ്ങിയതോടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായി. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 18.5 ഓവറിൽ 145 റൺസിൽ ഓൾഔട്ടാകുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാർ യാദവിന്റെ(56) മുംബൈ നിരയിൽ പൊരുതിയത്. ഐപിഎല്ലിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. 12 വർഷങ്ങൾക്ക് ശേഷമാണ് വാങ്കഡെയിൽ കൊൽക്കത്ത ജയിക്കുന്നത്.
പവർപ്ലേ അവസാനിക്കുന്നതിന് മുമ്പേ മുംബൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. മുംബൈയെ തുടക്കത്തിൽ വിറപ്പിച്ചതും മിച്ചൽ സ്റ്റാർക്കായിരുന്നു. ഇഷാൻ കിഷനെ(13) ബൗൾഡാക്കുകയായിരുന്നു താരം. പിന്നാലെ രോഹിത് ശർമ്മ (11), നമൻ ധിർ (11) എന്നിവരും മടങ്ങി. നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച സൂര്യകുമാർ- തിലക് വർമ സഖ്യം സ്‌കോർ ചലിപ്പിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. തിലകിനെ (4) പുറത്താക്കി വരുൺ ചക്രവർത്തിയാണ് മുംബൈയെ പ്രതിരോധത്തിലാക്കിയത്.
16-ാം ഓവറിൽ സൂര്യ കുമാറിന്റെ വിക്കറ്റ് വീണതോടെ മുംബൈയുടെ പ്രതീക്ഷയും അറ്റു. ടിം ഡേവിഡ്(24) മാത്രമാണ് അൽപനേരമെങ്കിലും പിടിച്ചുനിന്നത്. നേഹൽ വധേര(6), ഹാർദിക് പാണ്ഡ്യ(1), ജെറാൾഡ് കോട്ട്‌സീ(8), പിയൂഷ് ചൗള(0) എന്നിവർ അമ്പേ നിറം മങ്ങി. കൊൽക്കത്തയ്‌ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി.