ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. ഈ രാജ്യങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും, ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇറാനിലേയും ഇസ്രായേലിലേയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. സംഘർഷം കടുത്തതിനെ തുടർന്ന് അടച്ച വ്യോമാതിർത്തികൾ ഇറാനും ഇസ്രായേലും വീണ്ടും തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിലേക്ക് യാത്ര പോകുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം യാത്ര തുടരണമെന്നും രൺധീർ ജയ്‌സ്വാൾ പറയുന്നു.
കഴിഞ്ഞ മാസം പകുതിയോടെ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന നിർദേശം നൽകിയിരുന്നു. ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി അടിയന്തര ഹെൽപ്പ് ലൈൻ നമ്പർ ഉൾപ്പെടെ എംബസി കൈമാറിയിരുന്നു. രണ്ടാഴ്ച മുൻപ് നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായത്.