തായ്പേയ് : തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടികളിൽ അതൃപ്തി അറിയിച്ച തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തിന് ചുറ്റും വിവിധ ഇടങ്ങളിലായി പട്രോളിംഗ് വിമാനങ്ങൾ, യുദ്ധ കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ വിന്യസിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രാദേശിക സമയം ആറ് മണിയോടെയാണ് ചൈനയുടെ യുദ്ധ വിമാനങ്ങളും കപ്പലുകളും മേഖലയിൽ കണ്ടെത്തിയത്. വൈകിട്ട് ആറ് മണി വരെയാണ് ഇവ പലയിടങ്ങളിലായി നിരീക്ഷണം തുടരുന്നത് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന്റെ 26 വിമാനങ്ങളും അഞ്ച് യുദ്ധക്കപ്പലുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരുന്നുണ്ടെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
26 വിമാനങ്ങളിൽ 14 എണ്ണം തായ്‌വാൻ കടലിടുക്ക് കടന്ന് അതിർത്തി മേഖലയ്‌ക്കുള്ളിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തായ്വാന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന്റെ നോർത്തേൺ സെക്ടറിലാണ് രണ്ട് ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയത്. ചൈനയുടെ നീക്കം അതിർത്തിയിലെ സാഹചര്യങ്ങൾ വഷളാക്കുന്നതാണെന്ന് തായ്‌വാൻ അറിയിച്ചു.
ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം ഇപ്പോഴും തുടരുകയാണ്. ചൈന സമാനമായ നീക്കം തുടരുകയാണെങ്കിൽ മേഖലയിൽ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കും. ഈ മാസം ഇതുവരെ ചൈനയുടെ 30 വിമാനങ്ങളും 16 കപ്പലുകളുമാണ് കണ്ടെത്തിയതെന്ന് തായ്‌വാൻ പറയുന്നു. 2020 സെപ്തംബർ മുതൽ ചൈനയുടെ ഭാഗത്ത് നിന്ന് സമാനമായ ശ്രമം വർദ്ധിച്ചതായും ഇവർ ആരോപിക്കുന്നു.