ഹമീർപൂർ : വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്നും ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ” തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇന്ന് കോൺഗ്രസുകാർ എല്ലാവരും ഭയക്കുകയാണ്. രാഹുൽ ആദ്യം അമേഠി വിട്ട് വയനാട്ടിലെത്തി. വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയന്ന് റായ്ബറേലിയിലേക്ക് പോയി. രാഹുൽ അവിടെയും പരാജയപ്പെടാൻ പോവുകയാണ്.
ജനങ്ങൾക്ക് ഇപ്പോൾ കോൺഗ്രസിനെ മടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കോൺഗ്രസ് നേതാക്കൾക്ക് ഭയമാണ്. സൂറത്തിലും ഇൻഡോറിലുമൊന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിട്ടില്ല. അവിടെ രാഹുൽ ഗാന്ധിയും കളം വിട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് പോലും നേതൃത്വത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകാത്ത സ്ഥിതിയാണെന്നും” അനുരാഗ് താക്കൂർ പറയുന്നു.
ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ” പ്രധാനമന്ത്രി സ്ഥാനത്തേക്കോ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കോ എല്ലാം പ്രവർത്തകർക്ക് എത്താവുന്ന പാർട്ടിയാണ് ബിജെപി. അത് തന്നെയാണ് ബിജെപിയുടെ ശക്തിയും. 2019ലെ റെക്കോർഡ് മറികടന്ന് വലിയ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കണമെന്നാണ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഹിമാചലിൽ എല്ലാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും” അദ്ദേഹം പറഞ്ഞു. ഹിമാചലിലെ ഹമീർപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് താക്കൂർ ജനവിധി തേടുന്നത്. അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.