അഗർത്തല: മനുഷ്യനെ പോലെ തന്നെ അത്യുഷ്ണത്തിൽ വലയുകയാണ് മൃഗങ്ങളും. ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താൻ മൃഗങ്ങൾക്ക് വിവിധ സഹായങ്ങൾ ചെയ്തു നൽകുകയാണ് ത്രിപുരയിലെ മൃഗശാല അധികൃതർ. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിലെ മൃഗങ്ങൾക്കാണ് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചൂടിനെ അതിജീവിക്കാൻ പ്രത്യേക ക്രമീകരങ്ങൾ ഏർപ്പെടുത്തിയത്.
മൃഗങ്ങൾക്കായി എയർ കൂളറുകൾ, ഐസ് ക്യൂബുകൾ, പഴങ്ങൾ, ഗ്ലൂക്കോസ് വെള്ളം എന്നിവയാണ് പ്രത്യേകമായി ക്രമീകരിച്ചത്. ദിവസത്തിൽ മൂന്ന് നേരം കുടിക്കാനായി വെള്ളം നൽകും. മൃഗങ്ങളെ ദിവസത്തിൽ രണ്ട് തവണ കുളിപ്പിക്കുകയും കൂടുകളിൽ ഐസ് ക്യൂബുകളും എയർ കൂളറുകളും സജ്ജമാക്കുകയും ചെയ്യുന്നു. സസ്യാഹാരികളും മിശ്രഭുക്കുകളുമായ മൃഗങ്ങൾക്ക് ജലാംശം ധാരാളമടങ്ങിയ പഴവർഗ്ഗങ്ങളും ഗ്ലൂക്കോസ് വെള്ളവും നൽകുന്നു. മാംസാഹാരികളായ മൃഗങ്ങൾക്ക് ഉച്ചയ്‌ക്ക് ശേഷമാണ് ആഹാരം നൽകുന്നത്. ചൂടിന്റെ കാഠിന്യം മൂലം മൃഗങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്‌ക്കാനാണിത്. മിശ്രഭുക്കുകൾക്ക് കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ ഭക്ഷണമാണ് നൽകുന്നത്.
500ലധികം മൃഗങ്ങളാണ് സെപാഹിജാല സുവോളജിക്കൽ പാർക്കിലുള്ളത്. റോയൽ ബംഗാൾ കടുവ, ഏഷ്യൻ സിംഹം, ബംഗാൾ കഴുകൻ, ഫ്ലാപ്പ് ഷെൽഡ് ആമകൾ, പെലിക്കൻ, തുടങ്ങി വ്യത്യസ്ത ഇനം മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളും അടങ്ങുന്ന സെപാഹിജാല സൂവോളജിക്കൽ പാർക്ക് രാജ്യത്തെ തന്നെ വലിയ മൃഗശാലകളിൽ ഒന്നാണ്.