ന്യൂഡൽഹി: ആം ആദ്മിയുടെ ന്യൂഡൽഹിയിലെ താര പ്രചാരകരുടെ പട്ടിക പുറത്ത്. ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉൾപ്പെടുത്തിയുള്ള 40 താര പ്രചാരകരുടെ പട്ടികയാണ് പുറത്തിറങ്ങിയത്.
കെജ്‌രിവാളിന് പുറമെ ഭാര്യ സുനിത കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്ന്, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, എംപിമാരായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രിമാരായ ഗോപാൽ റായ്, അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട് ഡൽഹി മേയർ ഷെല്ലി തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതിഷി, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, സ്വാതി മലിവാൾ, അമാനത്തുള്ള ഖാൻ എന്നിവരും പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യം ചേർന്ന് മത്സരിക്കാൻ കോൺഗ്രസും ആം ആദ്മിയും നടത്തിയ യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഡൽഹിയിൽ മൂന്ന് സീറ്റുകളിലും ആപ്പ് നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
ആം ആദിമിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായ തീരുമാനമാണെന്നാണ് കോൺഗ്രസ് വിട്ട എംഎൽഎമാരുടെ അഭിപ്രായം. ഡൽഹിയിലെ മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് കെജ്രിവാൾ പിടിയിലായത്. ഇതിന് മുമ്പ് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പിടിയിലായിരുന്നു.