കശ്മീർ: പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ അബു ഹംസയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഭീകരരാണെന്ന് റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. കഴിഞ്ഞ മാസം 22ാം തിയതി രജൗരിയിൽ സർക്കാർ ജീവനക്കാരനായ മുഹമ്മദ് റസാഖിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അബു ഹംസ.
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്, രജൗരി വനമേഖലകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഭീകരാക്രമണത്തിന് പിന്നാലെ സൈനിക-അർദ്ധ സൈനിക വിഭാഗങ്ങളുടേയും പൊലീസിന്റേയും നേതൃത്വത്തിലുള്ള സംയുക്ത സംഘം പൂഞ്ചിലെ വനമേഖലകളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് വ്യോമസേനയിലെ സൈനികനായ കോർപ്പറൽ വിക്കി പഹാഡെ വീരമൃത്യു വരിച്ചത്. സംഭവത്തിൽ വ്യോമസേന ദു:ഖം രേഖപ്പെടുത്തി. സഹോദരിയുടെ വിവാഹത്തിന്റെ ഭാഗമായി കുടുംബത്തെ സന്ദർശിച്ച ശേഷം കഴിഞ്ഞ മാസം 18നാണ് അദ്ദേഹം വീണ്ടും യൂണിറ്റിനൊപ്പം ചേർന്നത്.
അബു ഹംസയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഏകോപിപ്പിക്കുന്നതിനായി മുതിർന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരച്ചിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജരാവാലി ഗലി മേഖലയിലേക്കും മറ്റൊരു സംഘത്തെ അയച്ചതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പാരാ കമാൻഡോകൾ ഉൾപ്പെടെ ഈ ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട്. ഭീകരർ രക്ഷപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തിൽ മേഖല ഒന്നാകെ സൈന്യം വളഞ്ഞിരിക്കുകയാണ്. പലയിടങ്ങളും സേനാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്.