അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും. ഗാന്ധി നഗർ ലോക്സഭാ മണ്ഡലത്തിലാണ് മോദി വോട്ട് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്കൂളിലാണ് മോദി വോട്ട് ചെയ്യാനെത്തുന്നത്. പോളിങ് ബൂത്തായി നിശ്ചയിച്ചിട്ടുള്ള സ്കൂളിൽ വോട്ടെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
അഹമ്മദാബാദിൽ ഞായറാഴ്ച ‘റൺ ഫോർ വോട്ട്’ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്.
2014 ലെയും 2019 ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയം കൈവരിച്ചിരുന്നു. ആകെയുള്ള 26 സീറ്റുകളിൽ 25 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കുന്നത്. സൂറത്തിലെ ബിജെപി സ്ഥാനാർത്ഥിയായ മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് ഉണ്ടാകില്ല.
അതേസമയം, കോൺഗ്രസ്, ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്നാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 24 സീറ്റുകളിൽ കോൺഗ്രസും ഭാവ്നഗർ, ബറൂച് മണ്ഡലങ്ങളിൽ ആം ആദ്‌മിയുമാണ് മത്സരിക്കുന്നത്.