തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി. വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി അമിതമായി ഉപയോഗിക്കുന്ന വാഷിംഗ് മെഷീന്റെ ഉപയോഗം കുറയ്ക്കാനാണ് നിർദേശം. വൈദ്യുതി തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാത്രി വൈകി വാഷിംഗ് മെഷിൻ ഉപയോഗിക്കുന്ന ശീലം മാറ്റേണ്ടതുണ്ടെന്നും ഇവ പകൽ സമയത്ത് പ്രവർത്തിപ്പിക്കണമെന്നും കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം 103. 28 ദശലക്ഷം യൂണിറ്റായിരുന്നു. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറക്കാൻ കാരണമായെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെയുണ്ടായിരുന്ന സർചാർജ്ജും ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. നിലവിലെ ഒമ്പത് പൈസ സർചാർജ്ജ് കൂടാതെ 10 പൈസ അധികം ഈടാക്കും. ആകെ 19 പൈസയാണ് ഇപ്പോഴത്തെ സർചാർജ്ജ്. രണ്ട് ദിവസത്തെ വൈദ്യുത ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണങ്ങൾ തുടരണോ വേണ്ടയോ എന്നതിൽ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.