ന്യൂഡൽഹി : മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, മതം നോക്കിയുള്ള സംവരണം അംഗീകരിക്കാനാകാത്ത കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും ഉൾപ്പെടുന്നുണ്ടെന്നും, എല്ലാവർക്കും സംവരണത്തിന്റെ പ്രയോജനം ലഭിക്കണമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
” മുസ്ലിങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാകില്ലെന്ന് മാത്രമാണ് പറയുന്നത്. രാജ്യത്തെ ദരിദ്ര വിഭാഗങ്ങളിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കണം. ദളിത് വനവാസി വിഭാഗങ്ങൾ വർഷങ്ങളായി അനീതി നേരിടുന്നുണ്ട്. നമ്മുടെ ഭരണഘടനയ്‌ക്ക് രൂപം കൊടുത്തവർ അതുകൊണ്ട് തന്നെയാണ് ശരിയായ തീരുമാനമെടുത്തത്. അതിൽ ഞങ്ങളെല്ലാവരും വളരെ അധികം നന്ദിയുള്ളവരാണ്.
ഭരണഘടന എഴുതുമ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ബാബാസാഹിബ് അംബേദ്കർ, രാജേന്ദ്രബാബു തുടങ്ങിയ നേതാക്കളെല്ലാം ഉണ്ടായിരുന്നു. ആർഎസ്എസിൽ നിന്നോ ബിജെപിയിൽ നിന്നോ ഉള്ളവരല്ല അവിടെ ഉണ്ടായിരുന്നത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അവിടെ ഉണ്ടായിരുന്നു. അന്ന് അവിടെ വളരെ നീണ്ട ചർച്ച നടന്നു. മതം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് സമൂഹത്തിന് ഹാനികരമാണെന്നും, ഭാവിയിലേക്ക് പ്രശ്‌നമുണ്ടാകുമെന്നും മനസിലാക്കി. എന്നാൽ ദളിത് പിന്നാക്ക വിഭാഗങ്ങളോടുള്ള അനീതി ഇല്ലാതാക്കേണ്ടതും അത്യാവശ്യമായിരുന്നു. നെഹ്‌റു ഒഴികെയുള്ളവർ അന്ന് ഇത് ചർച്ച ചെയ്തു.
എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ കേന്ദ്ര പദ്ധതികളിൽ നിന്ന് മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ പ്രയോജനം ലഭിക്കും. അർഹരായവർക്കാണ് സംവരണം ലഭിക്കേണ്ടത്. ഭരണഘടനയുടെ ആത്മാവിലാണ് ഞാൻ ജീവിക്കുന്നത്. ഭരണഘടനയുടെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയ്‌ക്ക് എതിരാണെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറയുന്നതാണ്. എല്ലാ സമുദായങ്ങളേയും മത വിഭാഗങ്ങളേയും ഉൾക്കൊണ്ടു കൊണ്ട് പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.















