കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിൽ വ്യോമസേനയുടെ നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. കുൽഗാമിലെ റെഡ്വാനി പായീൻ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പ് ഉണ്ടായതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഭീകരരുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.
മെയ് നാലിനുണ്ടായ പൂഞ്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം സുരൻകോട്ട് മുതൽ ജറൻവാലി ഗലി വരെയുള്ള പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൂഞ്ച് സെക്ടറിൽ വ്യോമസേനാ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉദ്ധംപൂരിലെ സൈനിക ആശുപത്രിയിൽ വച്ചാണ് പരിക്കേറ്റ നാവികസേനാ ഉദ്യോഗസ്ഥനായ വിക്കി പഹാഡെ മരണമടഞ്ഞത്.















