പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഏകദേശം 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് വനം വകുപ്പ് പറഞ്ഞു. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
ട്രെയിനിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ ഈ മേഖലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന മേഖലയാണിത്.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിന്റെ വേഗനിയന്ത്രണം ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം സംസ്കരിക്കും.