ന്യൂഡൽഹി: വികസിത ഭാരതം എന്ന വാക്കിനെ കേവലം ഒരു മുദ്രാവാക്യമായി കണക്കാക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയാണെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ന്യൂഡൽഹിയിലെ ഹൻസ്രാജ് കോളേജിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” പലപ്പോഴും ഒരു മുദ്രാവാക്യമായി വികസിത ഭാരതമെന്ന വാക്കിനെ നാം കാണുന്നു. എന്നാൽ വികസിത ഭാരതമെന്നത് കേവലം ഒരു മുദ്രാവാക്യമല്ല. ഞാനും നിങ്ങളും അടങ്ങുന്ന നമ്മുടെ രാജ്യത്തിന്റെ ഭാവിയ്‌ക്കായുള്ള ചുവടുവയ്പ്പാണത്. അമൃത കാലത്തേക്കുള്ള യാത്രയാണ് നാം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 25 വർഷത്തേക്കുള്ള ഭാരതത്തിന്റെ ഭാവിയാണ് നാം ചർച്ച ചെയ്യുന്നത്.”- എസ് ജയശങ്കർ പറഞ്ഞു.
ഇന്ന് ഭാരതത്തെ ലോകം നിരീക്ഷിക്കുന്നു. ഒരു കാലത്ത് ഇങ്ങനെയൊരു രാജ്യമുണ്ടെന്ന് പലരും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ലോക ശക്തികളായി നാം കരുതുന്ന രാജ്യങ്ങൾ പോലും നമ്മുടെ മുന്നിൽ സഹായം അഭ്യർത്ഥിക്കുന്നു. അവർ കാറുകളെ കുറിച്ച് സംസാരിക്കുമ്പോൾ നാം ഡ്രോണുകളെ കുറിച്ച് സംസാരിക്കുന്നതിലേക്ക് എത്തിയിരിക്കുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു.
ഓരോ വർഷം പിന്നിടുമ്പോൾ സാങ്കേതിക വിദ്യയിൽ മികച്ച മുന്നേറ്റമാണ് ഭാരതം നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വരുന്ന മാറ്റങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കാൻ നമുക്ക് സാധിക്കണമെന്നും സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്‌നത്തിലാണ് കേന്ദ്രസർക്കാരെന്നും എസ് ജയശങ്കർ വ്യക്തമാക്കി.















