ന്യൂഡൽഹി: ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. കേസിൽ പ്രതിയായി ജയിലായിട്ടും മുഖ്യമന്ത്രി കസേര ഒഴിയാൻ മടി കാണിച്ച കെജ്‌രിവാളിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം.
ജയിലിലിരുന്നും കെജ്രിവാൾ ഡൽഹി ഭരിക്കാൻ ശ്രമിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. സുപ്രീം കോടതി പരമർശത്തോടെ ജാമ്യം ലഭിച്ച് പുറത്തുവന്നാലും കെജ്രിവാളിന്റെ ചുമതലകൾ നിർവഹിക്കാൻ പകരക്കാരെ തേടേണ്ടി വരും. മന്ത്രിസഭയിലെ മറ്റാർക്കെങ്കിലും ചുമതല നൽകുകയായിരിക്കും ചെയ്യുക.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുതെന്ന കോടതിയുടെ വ്യവസ്ഥയെ കെജ്‌രിവാളിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു. തെരഞ്ഞെടുപ്പായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെ കുറിച്ച് ആലോചിക്കുന്നതെന്നും അല്ലെങ്കിൽ അറസ്റ്റിനെതിരായ ഹർജി പരിഗണിക്കുന്നതുമായി മുന്നോട്ട് പോകുമെന്നും ബെഞ്ച് അറിയിച്ചു. അങ്ങനെ വന്നാൽ ഇടക്കാല ആശ്വാസം മുഖ്യമന്ത്രിക്ക് ലഭിക്കില്ലെന്നും വാദം കോടതിയുടെ വേനലവധിക്ക് ശേഷവും നീണ്ടുപോകുമെന്നും ബെഞ്ച് സൂചിപ്പിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരാണ് ഹർജി പരിഗണിച്ചത്. മേയ് 20 വരെ റോസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രാചരണത്തിന് ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിൽ കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന ശുപാർശ ചെയ്തിരുന്നു. പാർട്ടി നേതാവെന്ന നിലയിൽ കെജ്രിവാളിന് പ്രത്യേക പരിഗണന നൽകരുതെന്ന് ജാമ്യത്തെ എതിർത്ത് ഇഡി ആവശ്യപ്പെട്ടു.















