ത്രിപുരയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിൽ. അടുത്തവർഷം ഫെബ്രുവരിയോടെ ഉദ്ഘാടനം നടക്കും. പടിഞ്ഞാറൻ ത്രിപുരയിലെ നർസിൻഘട്ടിലാണ് സ്റ്റേഡിയം. ഏകദിനമോ ഐപിഎൽ മത്സരമോ ആകും ആദ്യം സംഘടിപ്പിക്കുക.
ഫെബ്രുവരി മുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന്ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സുബ്രദ ദേ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നതാണ് ഞങ്ങളുടെ മിഷൻ. ജനുവരി എന്നത് 2025 ഫെബ്രുവരിയിലേക്ക് മാറിയിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ വലിയ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം സജ്ജമാകും—-സെക്രട്ടറി പറഞ്ഞു.
2017ലാണ് പദ്ധതി ആരംഭിച്ചത്. ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നിർമാണം വൈകുകയായിരുന്നു. ‘അടുത്ത വർഷം മുതൽ ത്രിപുരയിൽ ജനങ്ങൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾ നേരിട്ടു കാണുമെന്ന്” കേന്ദ്രമന്ത്രി അമിത്ഷാ തെരഞ്ഞെടുപ്പ് റാലിയിൽ വാഗ്ദാനം നൽകിയിരുന്നു.200 കോടി ചെലവിൽ ബിസിസിഐയുടെ സഹകരണത്തോടെയാണ് ടിസിഎ സ്റ്റേഡിയം നിർമിക്കുന്നത്. 25,000 പേർക്ക് ഇരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റിയുണ്ട്.















