ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർകോ. വളരെ വ്യത്യസ്ത കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഉണ്ണിമുകുന്ദനാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മൂന്നാറിലായിരുന്നു പൂജ. പൂജക്കായി താരങ്ങൾ എത്തുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെയാണ് വീഡിയോയിലുള്ളത്. ഉണ്ണി മുകുന്ദനും അണിയറപ്രവർത്തകരും നിലവിളക്ക് കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഷറഫുദ്ദീനുൾപ്പെടെയുള്ള താരങ്ങൾ പൂജയിൽ പങ്കെടുത്തിരുന്നു.
മാസ് ലുക്കിൽ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുന്ന ഉണ്ണി മുകുന്ദനാണ് വീഡിയോയിലെ ഹൈലൈറ്റ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ പങ്കുവച്ചത്.
ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും മാർകോ എന്നാണ് പുറത്തുവരുന്ന വിവരം. ഷരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററിലെത്തിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോർഡ് തുകയ്‌ക്കാണ് വിറ്റുപോയത്. അഞ്ച് കോടിയും 50 ശതമാനം തിയേറ്റർ ഷെയറും നൽകിയാണ് ഒരു മുൻനിര കമ്പനി സ്വന്തമാക്കിയത്. ഒരു മലയാള സിനിമക്ക് ആദ്യമായിട്ടാണ് ഹിന്ദി ഡബ്ബിംഗിന് ഇത്രയും വലിയ തുക ലഭിക്കുന്നത്.
ജയ്ഗണേഷാണ് ഉണ്ണിമുകുന്ദന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ത്രില്ലർ ചിത്രമാണ് ജയ്ഗണേഷ്. മലയാളി പ്രേക്ഷകർക്കിടയിൽ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്.