ആലപ്പുഴ: റോഡിന് സമീപം നിർത്തിയിട്ട കാറിൽ തീപിടിച്ച് വൻ നാശനഷ്ടം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
വാഹനം റോഡരികിൽ നിർത്തിയിട്ട് ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു അനന്തു കൃഷ്ണൻ. പുലർച്ചെയോടെ വാഹനത്തിൽ തീ പിടിക്കുകയായിരുന്നു. റോഡിലൂടെ പോയ മറ്റു യാത്രികരാണ് കാറിന് തീപിടിച്ച വിവരം അഗ്നിശമന സേനയെ അറിയിച്ചത്.
തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. കാറിന്റെ മുൻ വശം പൂർണമായി കത്തി നശിച്ച നിലയിലാണ്. കാർ കത്താനുണ്ടായ കാരണം പരിശോധിച്ചു വരികയാണെന്ന് അഗ്നിശമന സേന അറിയിച്ചു.