ലക്നൗ: നാമനിർദേശപത്രികാ സമർപ്പണത്തിന് മുന്നോടിയായി ഈ മാസം 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ റോഡ് ഷോ നടത്തും. 15-നാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയുടെ മുന്നിലുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്‌ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വാരണാസിയിലെത്തുന്നത്.
വാരാണസിയിൽ നിന്ന് കാശി വിശ്വനാഥ് ഇടനാഴി വരെയാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകർ റോഡ് ഷോയിൽ അണിനിരക്കും. പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അസ്സി, സോനാർപുര, ജംഗം ബാരി, ഗൊഡൗലിയ, ബൻസ്ഫടക് എന്നിവിടങ്ങളിലൂടെയാണ്
റോഡ് ഷോ കാശി വിശ്വനാഥിലേക്ക് എത്തുന്നതെന്ന് ജില്ലാ പാർട്ടി അദ്ധ്യക്ഷൻ
ദിലീപ് പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് വൻ വരവേൽപ്പ് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരാണസി ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളുടെയും യോഗങ്ങൾ നാളെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ശക്തി കേന്ദ്രമാണ് വാരാണസി. 2014, 19 -ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയമാണ് പ്രധാനമന്ത്രി നേടിയത്. ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായിക്കെതിരെയാണ് ഇത്തവണയും പ്രധാനമന്ത്രി മത്സര രംഗത്തിറങ്ങുന്നത്.
വാരാണസി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ് നടക്കുക.