ശ്രീനഗർ: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ്. 11 ലക്ഷം വിലമതിക്കുന്ന സ്വത്തുക്കളാണ് പൊലീസ് കണ്ടുകെട്ടിയത്. കുപ്വാര സ്വദേശി മൊഹദ് ഷാഫി മിറിന്റെ സ്വത്തുക്കളാണ് സംഘം കണ്ടുകെട്ടിയത്. പുൽവാമ പൊലീസിന്റെ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് നടപടി. മയക്കുമരുന്ന് കടത്തിയതിലൂടെ ഇയാൾ സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ ഉടമസ്ഥതയിൽ ശ്രീനഗറിലുള്ള 11. 51 ലക്ഷം രൂപ വിലമതിക്കുന്ന ഇരുനില കെട്ടിടമാണ് കണ്ടുകെട്ടിയത്. എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മയക്കുമരുന്ന് കടത്തുസംഘങ്ങളെ പിടികൂടുന്നതിനും തെറ്റായ വഴിയിലൂടെ സ്വത്തുക്കൾ സമ്പാദിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുമുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് കശ്മീർ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ശ്രീനഗറിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടിയിരുന്നു.