ന്യൂഡൽഹി: രാമക്ഷേത്രത്തിനെതിരായ പരാമർശത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. സനാതനധർമ്മത്തിന് വിരുദ്ധമായ സഖ്യമാണ് ഇൻഡി മുന്നണിയെന്നും അവർക്ക് ബിജെപി കൃത്യമായ മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
ഇൻഡി സഖ്യം സനാതനധർമ്മത്തെ എതിർക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. രാമക്ഷേത്രത്തിനെതിരെയുള്ള രാം ഗോപാൽ യാദവിന്റെ പരാമർശം വിശ്വാസികളെ രോഷം കൊള്ളിച്ചിരിക്കുകയാണ്. ഒരു രാമഭക്ത എന്ന നിലയിൽ
ഇതിന് ജനങ്ങൾ മറുപടി നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് രാമക്ഷേത്രത്തിനെതിരായി രാം ഗോപാൽ സംസാരിച്ചത്. രാമക്ഷേത്രം ഉപയോഗശൂന്യമായ ക്ഷേത്രമാണെന്നും വാസ്തു പ്രകാരം നിർമിച്ചതല്ലെന്നുമായിരുന്നു രാം ഗോപാലിന്റെ വിവാദ പരാമർശം. ഇതിനെതിരെ വിമർശനവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഇൻഡി സഖ്യം ജനങ്ങളുടെ വിശ്വാസത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സനാതനധർമ്മത്തെ അവഹേളിക്കുന്നതാണ് രാം ഗോപാലിന്റെ വാക്കുകളെന്നും വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് അവർ ഇത്തരം പരാമർശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















