ഹാലാസ്യ നാഥനായ ശ്രീ പരമേശ്വരൻ സംഘകവികളോടൊപ്പം ഉത്തരഹാലാസ്യത്തിൽ എത്തിയ ലീലയാണ് ഇത്. “ചമ്പക പാണ്ഡ്യൻ” എന്ന പാണ്ഡ്യരാജാവ് ശിവലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ “പ്രതാപസൂര്യൻ” എന്ന പാണ്ഡ്യ രാജാവ് മധുരയെ പരിപാലിച്ചു. പിന്നീട് അദ്ദേഹത്തിന്റെ പുത്രന്മാരായ നിരവധി പാണ്ഡ്യ രാജാക്കന്മാർ ഭരണം ഏറ്റെടുത്തു. എല്ലാവരും നീതിപൂർവ്വം രാജ്യപരിപാലനം നടത്തി.
നൽക്കീരാദികളായ സംഘകവികൾ ഹേമപത്മാകാരത്തിൽ സ്നാനം ചെയ്തതിനുശേഷം സുന്ദരേശ ഭഗവാനേ ധ്യാനിക്കുകയും ചെയ്തു. അവർ പരബ്രഹ്മത്തിൽ ലയിച്ചു. ആ കാലഘട്ടം അവസാനിച്ചു. ഭൂമി സമുദ്ര ജലത്തിൽ മുങ്ങി. കാലചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ.!! വീണ്ടും പുതിയ കാലം സമാഗതമായി..!!! ഭൂലോകത്തിലും പഴയ അവസ്ഥ ഉണ്ടായി. ജീവജാലങ്ങൾ വർദ്ധിച്ചു. പാണ്ഡ്യ രാജ്യത്തിലും സർവ്വശാസ്ത്ര പണ്ഡിതന്മാരായ കവികൾ ആവിർഭവിച്ചു. നൽക്കീരാദികളായ സംഘകവികൾ ഇരുന്നിരുന്ന സംഘപലകയിൽ അവരെല്ലാം ഒന്നിച്ചിരുന്നു. “പാണ്ഡ്യകുലേശൻ” എന്ന രാജാവ് പാണ്ഡ്യ രാജ്യത്തിന്റെ അധിപനായി. അദ്ദേഹവും പണ്ഡിതനും കവിയും ആയിരുന്നു. അതുകൊണ്ട് സംഘപലകയിൽ രാജാവിനും ഇരിക്കുവാനുള്ള സൗകര്യം ഉണ്ടായി. അവിടെ ഇരുന്നാണ് അദ്ദേഹം പ്രജാപരിപാലനം നടത്തിയത്..
ഒരിക്കൽ അനേകം പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഒരു കവീന്ദ്രൻ മധുരയിലെത്തി. സർവ്വജ്ഞനും ശിവപൂജയിൽ തൽപരനും ശാന്തശീലനും ആയ അദ്ദേഹത്തിന്റെ നാമധേയം “മദ്ധ്യവനേശൻ” എന്നായിരുന്നു. അദ്ദേഹം മനോഹരമായ സ്വന്തം കവിതകൾ പാണ്ഡ്യ രാജാവിനെ കേൾപ്പിച്ചു. അതുകേട്ടപ്പോൾ രാജാവിന് അസൂയ ഉണ്ടായി. അതുകൊണ്ട് നവാഗതനായ കവിയുടെ കവിതകളെ അംഗീകരിച്ചില്ല. മാത്രമല്ല ധിക്കരിക്കുകയും അപമാനിക്കുകയും ചെയ്തു.
ഒട്ടും പ്രതീക്ഷിക്കാത്ത ഈ അനുഭവം മദ്ധ്യവനേശനെ ഏറെ വേദനിപ്പിച്ചു അദ്ദേഹം ഹാലാസ്യനാഥനെ ദർശിച്ച് പ്രണമിച്ചു, ഇങ്ങനെ ഉണർത്തിച്ചു. “സുന്ദരേശാ, ശംഭോ, കരുണാവാരിധെ, ഇന്ന് ഞാൻ പാണ്ഡ്യ രാജാവിനെ കാണുകയും ശബ്ദാർത്ഥ സുന്ദരങ്ങളായ ചില പദ്യങ്ങൾ ചൊല്ലി കേൾപ്പിക്കുകയും ചെയ്തു. അദ്ദേഹം അവയെ അല്പം പോലും പരിഗണിച്ചില്ല.. അവിടെനിന്ന് പോകുവാനുള്ള ആജ്ഞയാണ് നൽകിയത്. ആദരിക്കാത്തത് കൊണ്ടോ സമ്മാനം കിട്ടാത്തത് കൊണ്ടോ എനിക്ക് അല്പവും ദുഃഖമില്ല. പെട്ടെന്ന് ആട്ടിയോടിച്ചത് എനിക്ക് വലിയ ദുഃഖം ഉണ്ടാക്കി. മഹാദേവനായ അങ്ങ് അർത്ഥരൂപനും മഹാദേവി ശബ്ദരൂപണിയും ആണല്ലോ.! ശബ്ദാർഥങ്ങൾ ചേർത്ത് എഴുതിയ കവിതയെ അപമാനിക്കുന്നത് ഭഗവാനെയും ഭഗവതിയെയും അപമാനിക്കുന്നതിന് തുല്യമാണല്ലോ.. ശിവ ഭക്തരെ നിന്ദിക്കുന്നത് അങ്ങയെ നിന്ദിക്കുന്നതിന് തുല്യവുമാണ് സർവ്വജ്ഞനായ അങ്ങേയ്‌ക്ക് അറിയാൻ വയ്യാത്തതായി യാതൊന്നുമില്ലല്ലോ..?? അങ്ങ് ഈ കാര്യത്തിൽ വേണ്ടത് ചെയ്തു തരേണമേ….!!”
മദ്ധ്യവനേശനെന്ന ശിവ ഭക്തൻ ഇങ്ങനെ ദുഃഖത്തോടു കൂടി പറഞ്ഞപ്പോൾ ഭഗവാനു രാജാവിനോട് കോപം ഉണ്ടായി. ആ ഭക്തന്റെ സന്തോഷത്തിനായി മൂലലിംഗത്തെ മായയാൽ മറച്ചു.ഹാലാസ്യ ക്ഷേത്രം ഉപേക്ഷിച്ച് ഉത്തര ദിക്കിലേക്ക് പോയി അവിടെ വേഗപതി നദിയുടെ തീരത്തിന്റെ ദക്ഷിണ ഭാഗത്തായി ഒരു ദേവാലയം സങ്കല്പത്താൽ നിർമ്മിച്ചു അവിടെ ലിംഗമൂർത്തിയായി വിരാജിച്ചു. സുന്ദരശ ഭഗവാന്റെ പ്രേരണയാൽ സംഘകവികളും സംഘമണ്ഡപത്തിൽ നിന്ന് അവിടെ എത്തി. പ്രഭാതത്തിൽ പൂജാരിമാർ പൂജയ്‌ക്കായി ഹാലാസ്യത്തിൽ എത്തിയപ്പോൾ മൂലലിംഗം കണ്ടില്ല. പരിഭ്രമത്തോടു കൂടി അവർ ഇക്കാര്യം രാജാവിനെ അറിയിച്ചു. അദ്ദേഹത്തിന് ഭയവും ദുഃഖവും ഉണ്ടായി. രാജാവ് ഇങ്ങനെ ചിന്തിച്ചു.
“സുന്ദരേശ്വരനോട് ഞാൻ വലിയ അപരാധം ചെയ്തുവല്ലോ, ഇന്ന് എന്നെപ്പോലെ പാപിയായി ആരുമില്ല. അനേകം രാജാക്കന്മാർ മധുര ഭരിച്ചിരുന്നു.അവരൊന്നും ചെയ്യാത്ത പാപം ആണല്ലോ ഞാൻ ചെയ്തത്. എന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ പാപത്തിൽ നിന്നും ദുഷ്കീർത്തിയും ഉണ്ടായി. ശിവഭഗവാനെയും ശിവ ഭക്തരെയും നിന്ദിച്ചാൽ അതിനെ പ്രായശ്ചിത്തം ഇല്ല. ഈ പാപം ചെയ്ത ഞാൻ ലോകത്തിൽ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം. ഇപ്പോൾ തന്നെ പ്രാണൻ കളയുന്നതാണ് നല്ലത്.”
ഇങ്ങനെ ചിന്താധീനനായി കഴിയുമ്പോൾ ഏതാനും ആളുകൾ രാജാവിന്റെ സമീപം എത്തി ചില കാര്യങ്ങൾ അറിയിച്ചു. രാജാവേ വേഗവതി നദിയുടെ ദക്ഷിണ തീരത്തായി മനോഹരമായ ഒരു ദേവാലയവും അവിടെ സുന്ദരേ ലിംഗത്തെയും ഞങ്ങൾ ദർശിച്ചു. ഇന്നലെ വരെ ഞങ്ങൾ ഇത് കണ്ടിട്ടില്ല, മാത്രമല്ല എല്ലാ സംഘ കവികളും അവിടെയുണ്ട്. ഇത് കേട്ടപ്പോൾ രാജാവ് ഭയന്നു. പെട്ടെന്ന് മന്ത്രിമാരോടൊപ്പം നദീതീരത്തുള്ള ദേവാലയത്തിൽ എത്തി. അവിടെ സംഘകവികളോടൊപ്പം സുന്ദരേശ ഭഗവാനേ ദർശിച്ചപ്പോൾ സന്തോഷ കണ്ണുനീർ ഉണ്ടായി. അദ്ദേഹം ഭഗവാനെ സ്തുതിച്ചു ആ സ്തുതിയിൽ സംപ്രീതനായ ശിവഭഗവാന്റെ തിരുമൊഴികൾ ആകാശത്തിൽ കൂടി എല്ലാവരും ശ്രവിച്ചു.
“രാജാവേ..!! ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടാൽ തന്നെ പാപം നശിക്കും. ഉത്തമമായ ഹാലാസ്യത്തിൽ നിരവധി ശിവലിംഗങ്ങൾ ഉണ്ട്. അവയിൽ 64 എണ്ണം വളരെ പ്രാധാന്യമർഹിക്കുന്നു. സ്വയംഭൂവായ ഹാലാസ്യ ലിംഗത്തിന്റെ നാലു ഭാഗത്തും അവ ശോഭിക്കുന്നു. അവയെല്ലാം അഷ്ടദിപാലകന്മാരാൽ പ്രതിഷ്ഠിതമാണ്. ഇന്ദ്രൻ, അഗ്നി, യമൻ, നിര്യതി, വരുണൻ, വായു, കുബേരൻ എന്നിവരാണ് അഷ്ടദിക് പാലകന്മാർ.
ഇവയിൽ ഏറ്റവും പ്രധാനമാണ് “കുബേരാശാഖ്യമഹാലിംഗം”. പ്രളയ ജലത്തിൽ ഈ ലിംഗം ദേവാലയത്തോടുകൂടി അദൃശ്യമായി. പിന്നീട് അത് ദർശനയോഗ്യമാക്കി. എനിക്ക് പ്രിയപ്പെട്ടവനായ കുബേരൻ പ്രതിഷ്ഠിച്ചത് കൊണ്ട് ഞാൻ ഇവിടെ വസിക്കുവാൻ ഇഷ്ടപ്പെടുന്നു. ഇവിടെ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ട്. ഈ സ്ഥലം ഹാലാസ്യത്തിന്റെ ഉത്തരഭാഗത്തയത് കൊണ്ട് ഉത്തരഹാലാസ്യം എന്നാണ് ഇതിന്റെ പേര്. വേഗവതിയിൽ സ്നാനം ചെയ്തു ഉത്തരഹാലാസ്യത്തിൽ എന്നെ സേവിക്കുന്നവർക്ക് പെട്ടെന്ന് അഭീഷ്ടങ്ങൾ സാധിക്കും.”
“ഈ സ്ഥലം എനിക്ക് ഇഷ്ടമാണെങ്കിലും ഹാലാസ്യത്തെ ഞാൻ ഒരിക്കലും വിട്ടു പോവുകയില്ല. ത്രികാലങ്ങളിലും നശിക്കാത്തതായ അതിപുരാതനമായ സുന്ദരേശ ലിംഗം ഇപ്പോൾ എന്റെ മായകൊണ്ട് മറഞ്ഞിരിക്കുകയാണ്. ആ ലിംഗം ഉടൻതന്നെ പ്രത്യക്ഷമാകും. മധ്യവനേശന്റെ മനോഹരമായ പദ്യങ്ങളെ നീ മനപൂർവം നിന്ദിച്ചു. മാത്രമല്ല അപമാനിച്ചയക്കുകയും ചെയ്തു. ആ ഭക്തൻ ഏറെ ദുഃഖിച്ചു ഭക്തന്റെ ദുഃഖം എനിക്ക് അസഹ്യമാണ് അതുകൊണ്ട് കോപം തോന്നി, മായായാൽ മറച്ചതാണ്. നിന്റെ ഭക്തി പ്രഭാവം കൊണ്ട് ആ ലിംഗം പൂർവസ്ഥിതിയിൽ ദർശനയോഗ്യമായി.”
ആകാശവാണിയായി ഉത്ഭവിച്ച ഈ വിജ്ഞാനപ്രദങ്ങളായ വാക്യങ്ങൾ ശ്രമിച്ചപ്പോൾ രാജാവിന് ആദ്യം ഭയം തോന്നിയെങ്കിലും പിന്നീട് വിനീതനായി സ്തുതിച്ചു. തുടർന്ന് ഇപ്രകാരം പ്രാർത്ഥിച്ചു.
“ഞാനറിയാതെ ചെയ്ത തെറ്റ് ക്ഷമിക്കേണമേ.. വേദങ്ങൾ പുകഴ്‌ത്തുന്ന അങ്ങയുടെ ഹാലാസ്യലിംഗം ദർശിശിക്കുവാൻ കഴിയണമേ…”
മൂലലിംഗം നേരത്തെ ദർശിച്ചതുപോലെതന്നെ ദർശിക്കാൻ കഴിയുമെന്നും അവിടെപ്പോയി ദർശന സൗഭാഗ്യം നേടിക്കൊള്ളുവാനും ഉത്തരഹാലാസ്യേശ്വരൻ അരുളി. രാജാവ് മദ്ധ്യവനേശൻ എന്ന പണ്ഡിതനെ വരുത്തുകയും, പാരിതോഷികങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. എല്ലാ കവികളോടും താൻ ചെയ്ത തെറ്റ് ക്ഷമിക്കണം എന്ന് അപേക്ഷിച്ചു. അവരോടൊപ്പം ഭഗവാന്റെ സന്നിധിയിൽ ചെന്ന് സ്തുതിക്കുകയും, അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഈശ്വരാനുഗ്രഹത്താൽ സർവ്വ സമ്പത്തും മോക്ഷവും കിട്ടുമെന്ന് പറഞ്ഞ് അവർ രാജാവിനെ ആശംസിച്ചു. കവികൾ വീണ്ടും സംഘപീഠത്തിൽ ഇരുന്നു. പരമേശ്വര പ്രസാദത്താൽ രാജാവിന് ഒരു പുത്രൻ ഉണ്ടായി.
“അരിമർദ്ദനൻ” എന്നായിരുന്നു പുത്രന്റെ നാമം. വേഗവതി നദിയുടെ ദക്ഷിണ തീരത്തിൽ വിളങ്ങുന്ന ശിവക്ഷേത്രം ഉത്തരഹാലാസ്യം എന്ന പേരിൽ പ്രസിദ്ധമായി.
ഈ ലീല ശ്രവിച്ചാൽ ലോകസുഖവും മോക്ഷവും ലഭിക്കുമെന്നാണ് ഫലശ്രുതി..
അടുത്തഹാലാസ്യ മാഹാത്മ്യം 56 – കൈവർത്തക കന്യാപരിണയം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















