കണ്ണൂർ: ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. രാവിലെ 6 മണിയോടെയാണ് ഭഗവതി കുടികൊള്ളുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടാനെത്തിയത്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ പി. മുരളീധരനും ക്ഷേത്ര ഭാരവഹികളും ജീവനക്കാരും ചേർന്ന് മോഹൻലാലിനെ സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസിൽ നിന്ന് അദ്ദേഹം പ്രസാദം സ്വീകരിച്ചു. ക്ഷേത്ര ഐതിഹ്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം വിശേഷമായ മറി കൊത്തൽ ( മറി സ്തംഭനം നീക്കൽ) വഴിപാടിൽ പങ്കെടുത്തു.
ജീവിതവിഘ്നങ്ങളെ നാളികേരത്തില്‍ സങ്കല്പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങൾ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്നനിവാരണാർഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തൽ.
കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ ശാക്തേയ ക്ഷേത്രമാണ് മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം.