തിരുവല്ല; ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭ അദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത
(ബിഷപ്പ് കെപി യോഹന്നാൻ) കാലം ചെയ്തു. 74 വയസായിരുന്നു. യുഎസിലെ ഡാലസിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പരിക്കേറ്റ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
ചർച്ചിന്റെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് സമീപത്ത് കൂടി പ്രഭാത സവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ഇന്നലെ വിധേയനാക്കിയിരുന്നു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും എന്നാൽ ആരോഗ്യനിലയിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വിശ്വാസികളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ സഭ ആവശ്യപ്പെട്ടിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രചാരകനായിട്ടാണ് അദ്ദേഹത്തിന്റെ ദൈവശുശ്രൂഷയുടെ തുടക്കം. തുടർന്ന് 1974 ൽ വൈദ്യശാസ്ത്ര പഠനത്തിനായി യുഎസിലേക്ക് പോയി. 1979 ൽ യുഎസിൽ നിന്ന് ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നൽകി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ സ്വന്തം നിലയിൽ സഭ രൂപീകരിക്കുന്നത്.
ബിലീവേഴ്സ് മെഡിക്കൽ കോളജ് ഉൾപ്പെടെയുളള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 300 ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.