20 ഓവറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഇഴഞ്ഞിഴഞ്ഞ് നേടിയ ടോട്ടൽ പത്തോവർ പൂർത്തിയാകും മുൻപ് അടിച്ചെടുത്ത് ഹൈദരാബാദ്. രണ്ടാമത്തെ ഉയർന്ന പവർ പ്ലേ സ്കോർ പിറന്ന മത്സരത്തിൽ ലക്നൗ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 9.4 നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദരാബാദ് സൺറൈസേഴ്സ് മറികടന്നത്. ആറോവറിൽ 107 റൺസാണ് ഹൈദരാബാദ് എൽ.എസ്.ജിയെ തല്ലി നേടിയത്.
30 പന്തിൽ 89 റൺസെടുത്ത ട്രാവിസ് ഹെഡ്- 28 പന്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ്മ സഖ്യമാണ് സമയം പാഴാക്കാതെ മത്സരം പൂർത്തിയാക്കിയത്. ഇരുവരും ചേർന്ന് 14 സിക്സറും 16 ഫോറുമാണ് പറത്തിയത്. പന്തെറിയാനെത്തിയ അഞ്ചു ബൗളർമാർ തലങ്ങും വിലങ്ങും അടിവാങ്ങി. ഒന്ന് ശ്വാസം വിടാൻ പോലും രാഹുലിന്റെ ലക്നൗവിന്റെ സാധിച്ചില്ല. അക്ഷരാർത്ഥത്തിൽ ഹൈദരാബാദ് സാക്ഷ്യം വഹിച്ചത് സിക്സർ ബൗണ്ടറി മഴയായിരുന്നു.14 പോയിൻ്റോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് കയറിയതോടെ മുംബൈ ഔദ്യോഗികമായി ഐപിഎല്ലിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.