ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരത്തിൽ നടപടി നേരിട്ടതും പണിമുടക്കിയതും കൂടുതൽ മലയാളികളെന്ന് റിപ്പോർട്ടുകൾ. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എൽ1 വിഭാഗത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് ഒരു വിമാനത്തിൽ വേണ്ടത്. ഇവരില്ലാതെ സർവീസ് നടത്തരുതെന്നാണ് നിയമം. അപ്രതീക്ഷിത മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ കാബിൻ ക്രൂ അംഗങ്ങൾക്കെതിരെ കടുത്ത നടപടിക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നതിനിടെയാണ് മലയാളികളാണ് സമരത്തിന് മുന്നിൽ നിന്നതെന്ന വിവരം പുറത്തുവരുന്നത്.
സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായാണ് സൂചന. നോട്ടീസ് ലഭിച്ചവരും ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. 25 കാബിൻ ക്രൂ അംഗങ്ങളെ ഇതിനോടകം തന്നെ പിരിച്ചു വിട്ടതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തേണ്ടിയിരുന്ന 285 സർവീസുകളിൽ 85 എണ്ണം ഇന്നും മുടങ്ങി. ഇതിൽ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഇതിനോടൊപ്പം മൂന്ന് മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ യാത്രികർക്ക് ടിക്കറ്റിനായി ചെലവായ തുക തിരിച്ചു നൽകുകയോ മറ്റു തീയതികളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്ത് നൽകുകയോ ചെയ്യുമെന്നും കമ്പനി പറഞ്ഞു.