തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ മോഷണം പെരുകുന്നു. വഴിവാണിഭക്കാർ വിൽപനക്ക് വച്ചിരിക്കുന്ന തേങ്ങ മോഷണം പോകുന്നതായാണ് പരാതി. ഓട്ടോറിക്ഷയിൽ എത്തിയാണ് മോഷ്ടാക്കൾ തേങ്ങ കടത്തുന്നത്.
ഞായറാഴ്ച മാത്രം അമ്പത് കിലോ വീതമുള്ള ഏഴ് ചാക്കുകളാണ് മോഷണം പോയത്. ഇതിന് പിന്നാലെയാണ് കള്ളൻമാരെ പിടികൂടണമെന്ന് ആവശ്യവുമായി കച്ചവടക്കാർ രംഗത്തെത്തിയത്. മുൻപ് പല തലവണയായി അമ്പതിനായിരം രൂപയുടെ തേങ്ങ മോഷണം പോയിട്ടുണ്ട്. ഫോർട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ലെന്നും കച്ചവടക്കാർ പറയുന്നു.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഓട്ടോയിലാണ് കള്ളന്മാർ എത്തുന്നതെന്ന സൂചന ലഭിച്ചത്. എന്നാൽ ഓട്ടോറിക്ഷയുടെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നില്ല.