ജീവൻ നിലനിർത്താൻ പ്രതിരോധമല്ല ആക്രമണമാണ് ആയുധമെന്ന് തിരിച്ചറിഞ്ഞ ആർ.സി.ബി സർജിക്കൽ സ്ട്രൈക് നടത്തിയതോടെ പഞ്ചാബ് പകച്ചുപോയി. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ആർ.സി.ബി നേടിയത്. കോലിയുടെ കൗണ്ടർ അറ്റാക്കും രജത് പാടിദാറിന്റെ മിന്നലടിയും ഗ്രീനിന്റെ കൂറ്റനടികളും ചേർന്നതോടെ ആർ.സി.ബി സ്കോർ സ്റ്റോപ്പിലാതെ കുതിച്ചു.
സെഞ്ച്വറിക്ക് എട്ടു റൺസകലെ കോലി വീണെങ്കിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗ് ബെംഗളൂരുവിന് വമ്പൻ സ്കോർ സമ്മാനിക്കുകയായിരുന്നു. നാലോവറിൽ 43/2 എന്ന നിലയിൽ പതറിയ ആർ.സി.ബിയെ 47 പന്തിൽ 97 റൺസടിച്ച കോലിയും 23 പന്തിൽ 55 റൺസടിച്ച രജത് പാടിദാറും ചേർന്ന് തോളേറ്റുകയായിരുന്നു. രജത് ആറ് പടുകൂറ്റൻ സിക്സാണ് അതിർത്തി കടത്തിയത്.
32 പന്തിൽ 76 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. വിരാട് കോലിയും ഗ്രീനും ചേർന്ന് 46 പന്തിൽ നേടിയ 92 റൺസാണ് അർ.സി.ബിയുടെ നട്ടെല്ലായത്. ഗ്രീൻ 46 റൺസെടുത്തപ്പോൾ കാർത്തിക് 7 പന്തിൽ 18 റൺസടിച്ചു. 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹർഷൽ പട്ടേൽ ഇന്നും തിളങ്ങി.
വിദ്വത് കവേരപ്പയ്‌ക്ക് രണ്ടുവിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ പ്രഭ്സിമ്രാനെ(6) ആദ്യമേ നഷ്ടമായെങ്കിലും ജോണി ബെയർസ്റ്റോയും റൈലി റൂസോയും ചേർന്ന് ആർ.സി.ബി ബൗളർമാരെ കണക്കിന് തല്ലി തുടങ്ങുകയായിരുന്നു. പവർപ്ലേയിൽ 75/2 എന്ന നിലയിലാണ് പഞ്ചാബ്.