അഹമ്മദാബാദ്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്കായി ചാരവൃത്തി നടത്തിയിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി പ്രവീൺ മിശ്രയാണ് പിടിയിലായത്. ഗുജറാത്തിലെ ബച്ചൂർ ജില്ലയിൽ വച്ചാണ് പ്രതി പിടിയിലായത്. ഉധംപൂരിലെ മിലിട്ടറി ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇന്ത്യൻ സായുധസേനയെയും പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ഗവേഷണ- വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള അതീവരഹസ്യമായ വിവരങ്ങൾ പ്രവീൺ മിശ്ര ശേഖരിച്ചിരുന്നതായി സിഐഡി കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ചേർന്ന് പ്രതി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിൽ ലഭിച്ചു. വാട്ട്സ്ആപ്പ് കോളുകൾ, ഓഡിയോ ചാറ്റുകൾ എന്നിവയുടെ തെളിവുകളും സിഐഡി സംഘത്തിന് ലഭിച്ചു.
പ്രവീൺ മിശ്ര ചോർത്തിയ വിവരങ്ങൾ പാകിസ്താനിലെ ഒരു രഹസ്യാന്വേഷണ എജൻസിക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രവീൺ മിശ്രക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ, ചാരവൃത്തിക്കായി പ്രവീൺ മിശ്ര ഉപയോഗിച്ചിരുന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സിഐഡി അറിയിച്ചു.