തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. കണ്ണൂരിൽ നിന്ന് അഞ്ചും കൊച്ചിയിൽ നിന്നും രണ്ടും കരിപ്പൂരിൽ നിന്ന് ആറ് സർവീസുകളും ഇന്ന് റദ്ദാക്കി.
ദുബായ്, അബുദാബി, ഷാർജ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. മസ്ക്കറ്റ്, ദമാം വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് റദ്ദാക്കിയത്. റാസൽഖൈമ,ദുബായ്,കുവൈറ്റ്,ദോഹ,ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയത്. യാത്രക്കാർക്ക് നേതരത്തെ അറിയിപ്പ് നൽകിയതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും വിമാനത്താവളത്തിലെത്തിയിരുന്നില്ല.
അലവൻസും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് ആയിരങ്ങളെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ മിന്നൽ സമരം ഇന്നലെ പിൻവലിച്ചു. 250 ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ധാരണയായി. പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാനും തീരുമാനമായി. ഇതിനിടെയിലാണ് ഇന്നും സർവീസ് മുടങ്ങിയത്.