ശ്രീനഗർ: ജമ്മു കശ്മീരിലെ കാർഗിലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7.22 ന് ആണ് അനുഭവപ്പെട്ടത്.
കാർഗിലിൽ നിന്ന് ഏകദേശം 346 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് അകലെ 160 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സിസ്മോളജി (എൻ സിഎസ്) അറിയിച്ചു.
മിതമായ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും പ്രകമ്പനം നിമിഷങ്ങളോളം നീണ്ടുനിന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പ്രദേശവാസികളിൽ നേരിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നിരുന്നാലും ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ടെക്റ്റോണിക് പ്ലേറ്റ് അതിരുകളോട് ചേർന്നിരിക്കുന്നതിനാൽ ഭൂകമ്പത്തിന് സാധ്യത കല്പിക്കപ്പെടുന്ന മേഖലയാണ് കാർഗിൽ.