പ്രണയവിവാഹത്തിലൂടെ ഒന്നാകുന്നവരും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിലൂടെ ദമ്പതികളാകുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ പൊതുവെ കേട്ടുപരിചയമില്ലാത്ത ഫ്രണ്ട്ഷിപ്പ് മാരേജിനെക്കുറിച്ച് അറിയാം..
ജപ്പാനിൽ പുതിയ ട്രെൻഡായി മാറിയ വിവാഹരീതിയാണ് ‘സൗഹൃദ കല്യാണം’ അഥവാ ‘ഫ്രണ്ട്ഷിപ്പ് മാരേജ്’. ശാരീരികമായി ബന്ധം പുലർത്താത്ത പരസ്പരം ഇഷ്ടപ്പെടുന്ന രണ്ട് പേർ തമ്മിൽ വിവാഹം കഴിക്കുന്നതിനെയാണ് ജപ്പാനിൽ ‘ഫ്രണ്ട്ഷിപ്പ് മാരേജ്’ എന്നുവിളിക്കുന്നത്.
ജപ്പാനിലെ 124 ദശലക്ഷമാളുകളിൽ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകൾ. ക്വീർ വിഭാഗത്തിൽപ്പെടുന്നയാളുകൾ, അസെക്ഷ്വൽ വ്യക്തികൾ (ലൈംഗിക താത്പര്യങ്ങളില്ലാത്തവർ), സ്വവർഗാനുരാഗികൾ, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവർ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്.
ഒരേ താത്പര്യങ്ങളുള്ള രണ്ട് പേർ സൗഹൃദബന്ധം മുൻനിർത്തി വിവാഹം കഴിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാരേജെന്ന് ഇത്തരത്തിൽ ദമ്പതികളായവർ പ്രതികരിക്കുന്നു. ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാൻ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടർ.
ജപ്പാനിൽ 2015 മുതൽ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തിൽ വിവാഹിതരാവുന്നവർ നിയമപരമായി ദമ്പതികളാണെങ്കിലും അവർക്കിടയിൽ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തിൽ വിവാഹം കഴിച്ച ചില ദമ്പതികൾ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.















