ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡുമായുള്ള കരാർ ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ പരിശീലകനെ തേടി ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ യാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡുമായുളള കരാർ 2023 ഏകദിന ലോകകപ്പിന് ശേഷം 2024 ജൂൺ വരെ നീട്ടുകയായിരുന്നു. എന്നാൽ വീണ്ടുമൊരു കരാർ നീട്ടൽ ഉണ്ടായേക്കില്ലെന്ന് സൂചനനൽകിയ ജയ് ഷാ പുതിയ പരിശീലകന് വേണ്ടിയുള്ള പരസ്യം ബോർഡ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
”ദ്രാവിഡുമായുള്ള കരാർ ജൂണ്‍ വരെ മാത്രമാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.” ജയ് ഷാ പറഞ്ഞു.വിദേശ പരിശീലകര്‍ക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല”പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങൾക്ക് നിർണ്ണയിക്കാനാവില്ല. അത് സിഎസിയുടെ തീരുമാനമായിരിക്കും,” ഷാ കൂട്ടിച്ചേർത്തു.
വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത പരിശീലകരെന്ന രീതി ബിസിസിഐ പിന്തുടരില്ലെന്ന സൂചന നൽകിയ അദ്ദേഹം വിഷയം സിഎസി (ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ) തീരുമാനിക്കുമെന്നും വ്യക്തമാക്കി.ഐപിഎല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ ഫ്രാഞ്ചൈസികളുമായും ബ്രോഡ്കാസ്റ്റർമാരുമായും ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.