അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം രണ്ട് സംഘങ്ങളായിട്ടാകും യാത്ര തിരിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്ലിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്ത ടീമിലെ താരങ്ങൾ മെയ് 24 ന് കോച്ചിംഗ് സ്റ്റാഫിനൊപ്പം ആദ്യഘട്ടത്തിൽ യാത്ര തിരിക്കും. മെയ് 26 ന് നടക്കുന്ന കലാശപ്പോരിന് ശേഷം മറ്റുള്ള താരങ്ങൾ ലോകകപ്പിനായി പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുന്ന താരങ്ങൾക്ക് ഐപിഎല്ലിലൂടെ തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചത്. പരിചയ സമ്പന്നരായ, ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുന്ന താരങ്ങളെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറക്കുമെന്നും ജയ് ഷാ പറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ കരാർ ജൂൺ മാസത്തിൽ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം പരീക്ഷണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം തുടരണോ വേണ്ടയോ എന്ന് ടീമുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇത് സ്ഥിരമല്ല. പക്ഷേ നിയമത്തിനെതിരായി ആരും ഇതുവരെയും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലിലെ ഈ സീസണിലെ കണ്ടെത്തൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവതാരം മായങ്ക് യാദവ് ബിസിസിഐ മേൽനോട്ടത്തിലായിരിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരം നാഷണൽ
അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഈ വർഷം ആദ്യം തുടങ്ങിയ നാഷണൽ ഫാസ്റ്റ് ബൗളിംഗ് കോൺട്രാക്റ്റിലേക്ക് മായങ്കിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്രാൻ മാലിക്, വിദ്വത് കവേരപ്പ, വൈശാഖ് വിജയകുമാർ, യഷ് ദയാൽ ആകാശ് ദീപ് എന്നിവർക്കൊപ്പമാണ് താരത്തിന് പേസ് ബൗളർമാരുടെ കരാർ ലഭിക്കുന്നത്.