ലണ്ടൻ: ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിനോട് വിട പറയുന്നു. ഈ വർഷം ജൂലൈയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ തന്റെ 21 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തോട് വിടപറയുമെന്നാണ് ജിമ്മി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
2003 മെയ് 22ന് സിംബാബ്‌വെക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലോർഡ്‌സിൽ തന്നെയാണ് ജിമ്മിയുടെ വിടപറയൽ മത്സരവും നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി മാറിയ ജിമ്മി ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന്റെ 708 വിക്കറ്റ് നേട്ടം മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ടെസ്റ്റിലെ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്‌ഥാനം അലങ്കരിക്കുന്ന താരത്തിന് മുന്നിൽ ഇപ്പോൾ സാക്ഷാൽ മുത്തയ്യ മുരളീധരനും (800) ഷെയ്‌ന്‍ വോണും മാത്രമാണ്.
20 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇംഗ്ലീഷ് ടീമിനെ ഏറെ മിസ് ചെയ്യുമെന്നും മറ്റുള്ളവർക്കും അവസരം ലഭിക്കാൻ ഉചിതമായ തീരുമാനമെടുക്കേണ്ട സമയമാണിതെന്നും താരം ഇൻസ്റ്റഗ്രാമിൽ എഴുതി.
41കാരനായ ജെയിംസ് ആൻഡേഴ്‌സൺ 187 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ടെസ്റ്റ് തൊപ്പി അണിഞ്ഞവരുടെ കൂട്ടത്തിൽ സച്ചിന് പിന്നിൽ രണ്ടാം സ്‌ഥാനക്കാരനാണ് ആൻഡേഴ്‌സൺ. ഏകദിന, ടി20 ഫോര്‍മാറ്റുകളോട് നേരത്തെ വിടപറഞ്ഞ ജിമ്മി 194 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റുകളും 19 രാജ്യാന്തര ട്വന്‍റി 20കളില്‍ നിന്നായി 18 വിക്കറ്റുകളും നേടിയിട്ടുണ്ട്.