മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ (യുബിടി) ‘നക്ലി’ (ഡ്യൂപ്ലിക്കേറ്റ് )എന്ന് രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.1993ൽ നടന്ന മുംബൈ ബോംബ് സ്ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിന് വേണ്ടി പ്രചാരണം നടത്തുകയാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. മഹാരാഷ്‌ട്രയിലെ നന്ദുർബാറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘മഹാരാഷ്‌ട്രയിൽ വ്യാജ ശിവസേന, ബോംബ് സ്ഫോടനക്കേസ് പ്രതിയെ തോളിലേറ്റി കറങ്ങുകയാണ്. ഒരു വശത്ത് ‘മോദി തേരി കബർ ഖുദേഗി’ എന്ന് പറയുന്ന കോൺഗ്രസുമുണ്ട്. എന്നെ ജീവനോടെ കുഴിച്ചുമൂടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഈ വ്യാജ ശിവസേനയാണോ? ബീഹാറിൽ കാലിത്തീറ്റ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആളെ തോളിലേറ്റി അവർ കറങ്ങുമ്പോൾ മഹാരാഷ്‌ട്രയിൽ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ തോളിലേറ്റിയാണ് അവർ കറങ്ങുന്നത്. . പ്രധാനമന്ത്രി പറഞ്ഞു.
1993ലെ മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രതിയും 10 വർഷം ജയിലിൽ കഴിഞ്ഞ വ്യക്തിയുമാണ് ഇഖ്ബാൽ മൂസ എന്ന ബാബ ചൗഹാൻ. ഇയാൾ എംവിഎയുടെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.