ഹൈദരാബാദ്: സുപ്രീംകോടതിയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ഇടക്കാല ജാമ്യം അദ്ദേഹത്തിനുള്ള ക്ലീൻ ചിറ്റല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഇടക്കാല ജാമ്യമാണിതെന്ന് കെജ്‌രിവാൾ ഓർക്കണമെന്നും അഴിമതി നടത്തിയതിനുള്ള ക്ലീൻ ചിറ്റല്ല കോടതി നൽകിയതെന്നും അമിത് ഷാ തുറന്നടിച്ചു. ഹൈദരാബാദിലെ ബിജെപി ഓഫീസിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ഇടക്കാല ജാമ്യം കെജ്‌രിവാളിനുള്ള ക്ലീൻ ചിറ്റാണെന്നാണ് ആം ആദ്മി വിചാരിക്കുന്നത്. നിയമത്തെ കുറിച്ചുള്ള ആം ആദ്മിയുടെ ധാരണ വളരെ തെറ്റാണ്. ജൂൺ 2 വരെയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞാൽ വീണ്ടും ജയിലേക്ക് മടങ്ങേണ്ടി വരും. മദ്യനയ അഴിമതിയും, കള്ളപ്പണം വെളുപ്പിക്കലും എല്ലാം കുറ്റകരമാണ്. ഇത് നടത്തിയവരെ അഴിമതിക്കാർ എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ സാധിക്കുകയില്ല. അതിനാൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കുന്നില്ലെന്ന് ആംആദ്മി ഓർക്കുക.”- അമിത് ഷാ പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റ് തെറ്റാണെന്ന് വരുത്തി തീർക്കാൻ ആം ആദ്മി പല തവണ ശ്രമിച്ചെങ്കിലും കോടതിക്ക് മുമ്പാകെ അത് തെളിയിക്കാൻ സാധിച്ചില്ല. ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും അതും കോടതി തള്ളികളഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം മാത്രമാണ് കെജ്‌രിവാളിന് കോടതി നൽകിയത്. ഇത് ഒന്നാം തീയതിയോ രണ്ടാം തീയതിയോ ആയി അവസാനിക്കുമെന്നും കെജ്‌രിവാളിന് വീണ്ടും തിഹാർ ജയിലേക്ക് മടങ്ങേണ്ടി വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 50 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് കെജ്‌രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.















