ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് ഗുജറാത്ത് ടൈറ്റൻസിന് പിഴയിട്ട് മാച്ച് റഫറി. നായകൻ ശുഭ്മാൻ ഗിൽ 24 ലക്ഷം രൂപയും ഇംപാക്ട് പ്ലേയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനമോ 6 ലക്ഷം രൂപയോ ആണ് പിഴ ചുമത്തിയിരിക്കുന്നത്. തെറ്റ് ആവർത്തിച്ചാൽ നായകനെ ഒരു മത്സരത്തിൽ നിന്ന് വിലക്കും.
വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. സായ് സുദർശന്റെയും ഗില്ലിന്റെയും പ്രകടനമാണ് ഗുജറാത്തിന്റെ ഇന്നിംഗ്‌സിന് കരുത്തായത്. 210
റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. ഗിൽ 55 പന്തിൽ നിന്ന് 104 റൺസും സായ് 51 പന്തിൽ നിന്ന് 103 റൺസുമെടുത്താണ് പുറത്തായത്. 196 റൺസാണ് നിശ്ചിത ഓവറിൽ ചെന്നൈ നേടിയത്.
12 മത്സരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്തിന്റെ അഞ്ചാം വിജയമാണിത്. ജയത്തോടെ പത്ത് പോയിന്റുമായി പട്ടികയിൽ 8-ാമതാണ് ടീം. ആറാം തോൽവി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ നെറ്റ് റൺറേറ്റിന്റെ കരുത്തിൽ നാലാമതാണ് ചെന്നൈ. ഇരു ടീമുകൾക്കും ഇനി രണ്ട് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്.
അവസാന രണ്ട് മത്സരങ്ങളിൽ ജയിക്കുകയും മറ്റ് എതിരാളികളുടെ മത്സര ഫലം അനുകൂലമാകുകയും ചെയ്താൽ മാത്രമേ പ്ലേ ഓഫിന് യോഗ്യത നേടാനാവൂ. കരുത്തരായ ഹൈദരാബാദും കൊൽക്കത്തയും എതിരാളികളായതിനാൽ പ്രതീക്ഷകളും പരുങ്ങലിലാണ്.















