പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തയ്ക്ക് ഈഡൻ ഗാർഡൻസിൽ ഭേദപ്പെട്ട സ്കോർ. മഴ മൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് കെകെആർ നേടിയത്. വെങ്കടേഷ് അയ്യരാണ് (42) ടോപ് സ്കോറർ.
മുംബൈ ഇന്ത്യൻസിനായി ജസ്പ്രീത് ബുമ്ര, പീയുഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. നുവാൻ തുഷാര, അൻഷൂൽ കാംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും മങ്ങിയ തുടക്കമാണ് ടീമിന് നൽകിയത്. 6 റൺസെടുത്ത സാൾട്ടിനെ അൻഷൂലിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ബുമ്ര നരെയ്നെയും ഗോൾഡൻ ഡക്കാക്കി. പവർ പ്ലേ അവസാനിക്കുന്നതിന് മുമ്പ് നായകൻ ശ്രേയസിനെയും (7) അൻഷൂൽ മടക്കി. ഒരറ്റത്ത് വെങ്കടേഷ് അയ്യർ തീർത്ത പ്രതിരോധമാണ് കൊൽക്കത്തക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ ടീം സ്കോർ 77-ൽ നിൽക്കെ താരത്തെ മടക്കി പീയുഷ് ചൗള കെകെആറിനെ സമ്മർദത്തിലാഴ്ത്തി.
നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസിൽ നിൽക്കേ 10 ഓവറിൽ 4വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത 12-ാം ഓവറിലെ അവസാന പന്തിൽ റാണയെ (33) തിലക് വർമ്മ റണ്ണൗട്ടാക്കി. 13-ാം ഓവറിലെ അവസാന പന്തിൽ റസലിനെ(24) പുറത്താക്കി വീണ്ടും കൊൽക്കത്തയെ ഞെട്ടിച്ചു. റിങ്കു സിംഗ് 20 റൺസെടുത്ത് പുറത്തായി. രമൺ ദീപ് സിംഗും (17) മിച്ചൽ സ്റ്റർക്കും പുറത്താകാതെ നിന്നു.