ഈ സീസണിന്റെ അവസാനം പിഎസ്ജിയോട് വിടപറയുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ ക്ലബ്ബുമായി പിരിയുന്നുവെന്ന കാര്യം 25-കാരനായ താരം സ്ഥിരീകരിച്ചത്. 26 ന് സ്റ്റേഡ് പിയറി-മൗറോയിൽ നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ ഒളിമ്പിക് ലിയോണൈസിനെതിരായ മത്സരത്തിൽ താരം അവസാനമായി പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങും. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്കാണ് താരം ചേക്കേറുന്നതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും താരത്തെ ടീമിലെത്തിക്കാൻ റയൽ ശ്രമം നടത്തിയിരുന്നു.
എല്ലാവർക്കും നമസ്‌കാരം, ഞാൻ കിലിയാണ്. എനിക്ക് നിങ്ങളുമായി സംസാരിക്കണം എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. പിഎസ്ജിയുമായുള്ള എന്റെ അവസാന സീസണാണെന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നത്. ക്ലബ്ബുമായി കരാർ നീട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സാഹസിക യാത്ര അവസാനിക്കും. 26ന് ക്ലബ്ബിന് വേണ്ടി അവസാന മത്സരം കളിക്കും. ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചെന്നും എംബാപ്പെ വീഡിയോയിൽ പറഞ്ഞു.
View this post on Instagram
“>
പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാണ് കിലിയൻ എംബാപ്പെ. 255 ഗോളുകളാണ് ക്ലബ്ബിനായി താരം നേടിയത്. 2017 ആഗസ്റ്റിൽ മൊണോക്കോയിൽനിന്നാണ് താരം പിഎസ്ജിയിലെത്തുന്നത്.















