ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തരുടെ രാഷ്‌ട്രീയം ദേശീയ താൽപര്യങ്ങളിൽ വേരുന്നിയതാണെന്നും രാമനെ എതിർക്കുന്നവരുടെ രാഷ്ട്രീയം അവരുടെ കുടുംബ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ശ്രദ്ധ സ്വന്തം കുടുംബത്തിന് അപ്പുറത്തേക്ക് വ്യപിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നാവോ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജ്‌വാദി പാർട്ടിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവരുടെ വരും തലമുറകളും മക്കളും പേരക്കുട്ടികളും ഈ പ്രവണത തന്നെ പിന്തുടരും. ഇത്തരം സമ്പ്രദായങ്ങളെല്ലാം വികസനത്തെ തടസപ്പെടുത്തും. ദേശീയ- സംസ്ഥാന തലങ്ങളിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ഇടയാകുന്നു. ജനങ്ങളുടെ സുരക്ഷ നഷ്ടപ്പെടുകയും ഗുണ്ടാസംഘങ്ങൾ വളരാൻ കാരണമാവുകയും ചെയ്യും. കൂടാതെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും പ്രത്യേകിച്ച് സ്ത്രീ സുരക്ഷയിൽ.
സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ശ്രമിച്ചിരുന്നു. അയോദ്ധ്യ, രാംപൂരിലെ സിആർപിഎഫ് ക്യാമ്പ്, കാശിയിലെ സങ്കട് മോചൻ ക്ഷേത്രം, ലക്‌നൗ, അയോദ്ധ്യ, വാരാണസി കോടതികൾ അക്രമിച്ച ഭീകരരുടെ കേസുകൾ ഒതുക്കിതീർക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ആ കുറ്റവാളികൾക്ക് പത്മ അവാർഡ് നൽകാനുള്ള ശ്രമവും ഇക്കൂട്ടർ നടത്തിയിരുന്നു. കോടതി ഇടപെട്ട് ഈ ശ്രമം തടയുകയായിരുന്നു.
രാമനെ എതിർക്കുന്നവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർത്തു. അവർക്ക് കോൺഗ്രസ് ബുദ്ധിയാണ്. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്ന് പറഞ്ഞവരാണ് സമാജ്‌വാദി പാർട്ടിക്കാർ. എന്നാൽ പള്ളിയുടെ കാര്യത്തിൽ ഈ നിലപാട് തുറന്നു പറയാൻ അവർക്ക് ധൈര്യമുണ്ടോ. രാമക്ഷേത്രത്തിന് നേരെ വിരൽ ചൂണ്ടുന്നവർ രാമഭക്തർക്കെതിരെ ആക്രമണം അഴിച്ചുവിട്ടവരാണ്. സംസ്ഥാനത്തെ കലാപങ്ങൾ അവസാനിപ്പിച്ച ബിജെപി സർക്കാർ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ജെയിലിലടച്ചു.