അമേഠി: പുൽവാമ അക്രമണത്തെപ്പറ്റിയുള്ള രേവന്ത് റെഡ്‌ഡിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി. ഒരു കോൺഗ്രസ് നേതാവിന് മാത്രമേ പുൽവാമ സൈനികരുടെ സംശയിക്കാൻ കഴിയു എന്നായിരുന്നു സ്‌മൃതിയുടെ മറുപടി.
“ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ സംശയിക്കാൻ കഴിയൂ. ഇന്ത്യയെ ശിഥിലമാക്കുന്നത് സ്വപ്നം കാണുന്ന ഒരാൾക്ക് ടിക്കറ്റ് നൽകുന്ന കോൺഗ്രസിൽ നിന്ന് ഇതല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവുക. അവരിൽ നിന്ന് ഇന്ത്യയുടെ ധീരതയുടെ കഥ കേൾക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. തെലങ്കാന മുഖ്യമന്ത്രി സ്വന്തം കസേരയെക്കുറിച്ച് ഓർത്താണ് വിഷമിക്കേണ്ടത്. അദ്ദേഹം ഗാന്ധി കുടുംബത്തിന് ഒരു എടിഎം മാത്രമാണ്” സ്‌മൃതി പറഞ്ഞു.
കോൺഗ്രസ് ജനങ്ങളുടെ സമ്പത്ത് എണ്ണി തിട്ടപ്പെടുത്തുന്നതിനെപ്പറ്റിയാണ് സംസാരിക്കുന്നതെന്നും അവർ പൗരന്മാരുടെ പകുതി സ്വത്ത് എങ്ങനെ തട്ടിയെടുക്കാമെന്നുള്ള വഴികളാണ് കാട്ടി തരുന്നതെന്നും സ്‌മൃതി പറഞ്ഞു. അധികാരത്തിൽ വന്നാൽ രാമക്ഷേത്രം സംബന്ധിച്ച തീരുമാനം മാറ്റുമെന്ന് അവർ പറയുന്നു. ഇതെല്ലം തന്നെ രാജ്യത്തിനെ ബാധിക്കുന്ന വിഷയങ്ങളാണ്. ഇതിൽ പ്രധാനമന്ത്രിക്ക് മാത്രമല്ല ഓരോ പൗരനും അഭിപ്രായം പറയാൻ അവകാശമുണ്ട്. അവബോധമുള്ള വോട്ടർമാരും പൗരന്മാരും ദേശീയ രാഷ്‌ട്രീയത്തിൽ താല്പര്യം കാണിക്കേണ്ടതില്ലെന്നാണ് മല്ലികാർജുൻ ഖാർഗെ ചിന്തിക്കുന്നതെങ്കിൽ എല്ലാവരും രാഹുൽ ഗാന്ധിയെ പോലെ ആണെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകും, കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരിയിലാണ് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ മിന്നലാക്രമണം നടത്തിയിരുന്നു. പുൽവാമ സംഭവത്തിൽ നിന്നും പ്രധാനമന്ത്രി രാഷ്‌ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് രേവന്ത് റെഡ്‌ഡി ആരോപിച്ചിരുന്നു. കൂടാതെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വിശ്വാസ്യതയേയും റെഡ്‌ഡി ചോദ്യം ചെയ്തു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.















