മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ക്യാപ്റ്റനും മുഖ്യ സെലക്ടർക്കും താത്പ്പര്യമില്ലാതെയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ആരംഭിക്കുന്ന പരമ്പരയ്ക്കായി 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ദൈനിക് ജാഗ്രൻ എന്ന പത്രമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ഒരു സമ്മർദ്ദത്തിന്റെ പേരിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ സമ്മർദ്ദത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും താരത്തെ അവസാന ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യം ഉറപ്പില്ല. മുംബൈക്ക് വേണ്ടിയുള്ള ഹാർദിക്കിന്റെ പ്രകടനം അത്ര മികച്ചതല്ല. പന്തെറിയുന്നുണ്ടെങ്കിലും ഓരോ മത്സരങ്ങളിലും അധികം റൺസ് വഴങ്ങുന്നത് തലവേദനയാണ്. 12 മത്സരത്തിൽ നിന്ന് 200 റൺസാണ് താരം നേടിയത്. പരിക്കിൽ നിന്ന് അടുത്തിടെ മുക്തനായ താരം അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ ഫിറ്റാണോ എന്ന കാര്യത്തിലും സംശയമുണ്ട്.
ടി20യിൽ നിന്ന് രോഹിത് ശർമ്മ വിരമിക്കുന്ന സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയെ ആണ് ഭാവി ക്യാപ്റ്റനായി ബിസിസിഐ പരിഗണിക്കുന്നത്. അതേസമയം ഐപിഎല്ലിൽ മുംബൈ ടീമിലും എല്ലാം കാര്യങ്ങളും ശുഭമല്ല. ഹാർദിക്കിനെതിരെ രോഹിത് അടക്കമുള്ള മുതിർന്ന താരങ്ങൾ പരാതി പറഞ്ഞതായാണ് വിവരം. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്താവുകയും ചെയ്തു.