ചിന്നസ്വാമിയിൽ നന്നായി തുടങ്ങിയ ബെംഗളൂരു ഇന്നിംഗ്സ് അവസാനിപ്പിച്ചത് അടിപതറി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുക്കാനെ ആർ.സി.ബിക്ക് കഴിഞ്ഞുള്ളു. ജീവന്മരണ പോരാട്ടത്തിൽ ആർ.സി.ബിക്ക് വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്.രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഫാഫിനെ(6) നഷ്ടമായെങ്കിലും ആർ.സി.ബിയുടെ റൺറേറ്റ് താഴ്ന്നില്ല. ഡൽഹി ഫീൾഡമാർ അഞ്ചിലേറെ ക്യാച്ചുകൾ കൈവിട്ട് അതിന് സഹായിക്കുകയും ചെയ്തു.
വിരാട് കോലി(13 പന്തിൽ 27), വിൽ ജാക്സ് (29 പന്തിൽ 41) എന്നിവർ ചേർന്ന് ബെംഗളൂരുവിന്റെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇഷാന്ത് ശർമ്മയുടെ പന്തിൽ വിരാട് പുറത്താകുമ്പോൾ 36 റൺസായിരുന്നു ടോട്ടൽ. പിന്നീട് ക്രീസിലെത്തിയ രജത് പാടിദാറിനൊപ്പം വിൽജാക്സും തകർത്തടിച്ചതോടെ സ്കോറും കുതിച്ചു. ഇരുവരും ചേർന്ന് 53 പന്തിൽ 88 റൺസാണ് നേടിയത്. പിന്നീട് അതുപോലൊരു പാർടണർഷിപ്പ് ഉണ്ടാകിതിരുന്നതും ആർ.സി.ബിയുടെ ഫിനിഷിംഗിനെ ബാധിച്ചു.
മഹിപാൽ ലോംറോറും കാമറൂൺ ഗ്രീനും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ആർ.സി.ബിക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 17 പന്തിൽ ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു. ഗ്രീൻ(32),മഹിപാൽ ലോംറോർ(13), ദിനേശ് കാർത്തിക്(0), സ്വപ്നിൽ സിംഗ്(0) കരൺ ശർമ്മ(6), സിറാജ്(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഖലീൽ അഹമ്മദ്, റാസിഖ് ഖാൻ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഇഷാന്ത്, മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.