ന്യൂഡൽഹി: ബഹുഭാര്യത്വവും ശൈശവ വിവാഹവും പ്രോത്സാഹിപ്പിക്കുന്നവരെയും തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുന്നവരെയുമാണ് ബിജെപി അകറ്റി നിർത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം മുസ്ലീങ്ങൾക്കെതിരെയാണെന്നും മുസ്ലീം സമുദായത്തോട് ബിജെപിക്ക് അവഗണനയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ മുസ്ലീങ്ങളാണ്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട നിലപാടുകളിലേക്ക് വന്നാൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് ബോണസ് നൽകാൻ കഴിയില്ല. ഭാരതമെന്നാൽ മതേതര രാഷ്‌ട്രമാണ്. ഇവിടെ പൊതുവായ സിവിൽ നിയമങ്ങൾ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നത് വ്യക്തിനിയമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ്. എന്നാൽ നമ്മുടെ ഭരണഘടന പറയുന്നത് വ്യക്തിനിയമങ്ങൾ പാടില്ലെന്നാണ്. മഹാത്മാഗാന്ധിക്കും ബിആർ അംബേദ്കറിനും എതിരായിട്ടുള്ള നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
സംവരണമെന്നാൽ രാജ്യത്തെ പട്ടികവർഗ, പട്ടികജാതി വിഭാഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) വേണ്ടിയാണ് രൂപീകരിച്ചത്. അത് ഏതെങ്കിലും ഒരുപ്രത്യേക മതവിഭാഗത്തിന് നൽകാൻ കഴിയില്ല. ജാതി സെൻസസ് നടത്താൻ മുന്നിട്ടിറങ്ങുന്ന കോൺഗ്രസുകാർ മുസ്ലീങ്ങൾക്കിടയിൽ ആദ്യം സർവേ നടത്തണം.
75 വയസ് കഴിഞ്ഞാൽ നരേന്ദ്രമോദി പാർട്ടിയിൽ നിന്നും രാജിവയ്‌ക്കുമെന്നും അടുത്ത പ്രധാനമന്ത്രി അമിത് ഷാ ആണെന്നുമുൾപ്പടെ കെജ്രിവാൾ നടത്തിയ പരാമർശം ബിജെപിയെന്ന പാർട്ടിക്കിടയിൽ ഭിന്നത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണെന്നും ഹിമന്ത ബിശ്വശർമ ചൂണ്ടിക്കാട്ടി.